പനിച്ചു വിറച്ച് കേരളം; മരുന്ന് ക്ഷാമം രൂക്ഷം
മഴക്കാലം തുടങ്ങുന്നതിന് മുൻപേ തന്നെ കേരളം പനിച്ചു വിറച്ചു തുടങ്ങി.സര്‍ക്കാര്‍ ആശുപത്രികളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന പനി ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പക്ഷേ പനിബാധിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് നൽകാൻ ആവശ്യത്തിന് മരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആന്റിബയോട്ടിക്കുകൾക്കും ക്ഷാമം നേരിടുകയാണ്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവക്കുള്ള മരുന്നുകളുടെ ലഭ്യതക്കുറവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി കേരള മെഡിക്കല്‍ സര്‍വിസസ് കോര്പ്പറേഷന് വഴിയുള്ള മരുന്ന് വിതരണം നിലച്ചതാണ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണം. കുട്ടികള്‍ക്കുണ്ടാകുന്ന അലര്‍ജിക്ക് നല്കുന്ന മോണ്ടകോപ് സിറപ്പ്, സിട്രിസിന് സിറപ്പ്, പാരസെറ്റമോള്‍ സിറപ്പ്, മൂക്കിലൊഴിക്കുന്ന സലൈന്നാസല്, അസ്തലിന് തുടങ്ങിയ മരുന്നുകള്‍ പല ആശുപത്രികളിലും കിട്ടാനില്ല.
ക്ഷാമം രൂക്ഷമായതോടെ ചില താലൂക്ക് ആശുപത്രികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രോജക്ട് ഫണ്ടായി അനുവദിച്ച പണം ഉപയോഗിച്ച് പ്രാദേശിക വിപണിയില്‍നിന്ന് മരുന്നുകള്‍ വാങ്ങി ക്ഷാമം പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.