വിവാഹത്തിന് വരൻ എത്തിയത് ബുൾഡോസറിൽ; ഡ്രൈവർക്കെതിരെ കേസും പിഴയും
വിവാഹ ദിനത്തിൽ നവവരനെ ബുൾഡോസറിൽ കല്ല്യാണമണ്ഡപത്തിലേക്കെത്തിച്ച ഡ്രൈവർക്കെതിരെ കേസ്. ആനപ്പുറത്തും കുതിരപ്പുറത്തും വരുന്ന വരന്മാരിൽ നിന്ന് വ്യത്യസ്തമായി ബുൾഡോസറിൽ എത്തിയ വരന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. സിവിൽ എഞ്ചിനീയറായ അങ്കുഷ് ജയ്സ്വാൾ ആണ് വിവാഹദിനത്തിൽ ബുൾഡോസറിൽ എത്തിയത്. ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഇയാളെ അനുഗമിക്കുകയും ചെയ്തു.
വിവാഹ ഘോഷയാത്രയിൽ സാധാരണ അലങ്കരിച്ച കാറും ജീപ്പുമൊക്കെയാണ് വധൂവരന്മാരുടെ പതിവ് വാഹനം. ചിലർ ആനപ്പുറവും കുതിരപ്പുറവും തിരഞ്ഞെടുക്കാറുണ്ട് എന്നാൽ പതിവിലും വ്യത്യസ്തമായ ആചാരം കാഴ്ചവെച്ചതിനാണ് ജെസിബി ഡ്രൈവറായ രവി ബരാസ്കർക്കെതിരെ കേസെടുത്തത്. ജെസിബി യന്ത്രങ്ങൾ വാണിജ്യാവശ്യത്തിനുള്ളതാണെന്നും മറിച്ച് ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കേണ്ടതല്ലന്നും പറഞ്ഞ പോലീസ് മോട്ടോർ വാഹന നിയമത്തിലെ 39/192 (1) വകുപ്പുകൾ ലംഘിച്ചതിന് ഡ്രൈവർക്ക് എതിരെ 5,000 രൂപ പിഴ ചുമത്തിയതായും അറിയിച്ചു.