SFI സമര രീതിയെ തള്ളി CPM വയനാട് ജില്ലാ സെക്രട്ടറി; ബഫർസോൺ വിഷയത്തിൽ രാഹുൽ ഇടപെട്ടില്ലെന്ന് ആക്ഷേപം
വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ വിശദീകരണവുമായി സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. ഓഫീസ് തകർത്ത സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ല. പക്ഷേ അതിന്റെ മറവിൽ ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി കൃത്യമായ ഇടപെടൽ നടത്തിയെന്ന് സ്ഥാപിക്കുന്നത് ശരിയല്ല. അത്തരത്തിലുള്ള ഒരിടപെടലും എം പി എന്ന നിലയിൽ രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നുംഅദ്ദേഹം പറഞ്ഞു.
എം പി ഓഫീസിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നിലവിൽ കുറേ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരിൽ പാർട്ടി അംഗത്വമുള്ളവർക്കെതിരെ നടപടി സ്വീകരിക്കും. കോൺഗ്രസ് ഉയർത്തുന്ന ആക്രമണ സ്വഭാവത്തെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം നിലവിൽ സി പി എമ്മിനുണ്ട്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വയനാട് ജില്ലാ കമ്മിറ്റിക്ക് സി പി എം സംസ്ഥാന സമിതിയിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എസ് എഫ് ഐ സമരം പാർട്ടിയെ വെട്ടിലാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എസ് എഫ് ഐ വയനാട് ജില്ലാ ഭാരവാഹികൾക്കെതിരായ നടപടി ചൊവ്വാഴ്ച ചേരുന്ന ജില്ലാകമ്മറ്റിക്ക് ശേഷം തീരുമാനിക്കും.
കഴിഞ്ഞ ദിവസമുണ്ടായ യു ഡി എഫ് മാർച്ചിൽ അക്രമമുണ്ടായെന്ന് ആരോപിച്ച് കൽപറ്റയിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാഹുലിന്റെ ഓഫീസ് ആക്രമിച്ച കേസിൽ ഇതുവരെ 30 എസ്എഫ് ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ജില്ലാ നേതാക്കളടക്കമുള്ല പത്തൊൻപത് പേരെ കോടതി റിമാന്റ് ചെയ്തിരുന്നു.
Content Highlights: CPM Wayanad DC on Rahul’s Office Attack