അഴുക്കുചാലിലെ ഭ്രൂണങ്ങള്‍: ആശുപത്രിയും സ്കാനിംഗ് സെന്ററും അടച്ചു പൂട്ടി
കര്‍ണാടകയിലെ മുദല്‍ഗിയിലുള്ള അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററും അടച്ചുപൂട്ടാന്‍ ഉത്തരവ്. വെങ്കിടേഷ് മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററുമാണ് സീല്‍ ചെയ്തത്. വെള്ളിയാഴ്ചയാണ് അഴുക്കുചാലില്‍ നിന്നും 7 ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തോടനുബന്ധിച്ച് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.മഹേഷ് കോനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ലോക്കല്‍ പോലീസും മുദലഗിയിലും ഗോകാക്കിലുമുള്ള നിരവധി സ്കാനിംഗ് സെന്ററുകളിലും ആറോളം പ്രസവ ആശുപത്രികളിലും റെയ്ഡ് നടത്തിയിരുന്നു.
ഗര്‍ഭച്ഛിദ്രം നടത്തിയ ഭ്രൂണങ്ങള്‍ നദിയില്‍ തള്ളിയതായി കണ്ടെത്തിയ വെങ്കിടേഷ് മെറ്റേണിറ്റി ആശുപത്രിയും സ്കാനിംഗ് സെന്ററമാണ് സീല്‍ ചെയ്തത്. ലിംഗനിര്‍ണയത്തിന് ശേഷമാണ് ഭ്രൂണഹത്യ നടത്തിയതെന്നും സംശയമുണ്ട്. അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയ ഭ്രൂണങ്ങള്‍ ആശുപത്രിയില്‍ നിന്ന് ഉപേക്ഷിച്ചതാണെന്ന് മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ.വീണ കനകറെഡ്ഡി സമ്മതിച്ചു. 2013 നും 2016 നും ഇടയില്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ടവയാണ് ഇവയെന്നും അവര്‍ പറഞ്ഞു.
സ്കാനിങ്ങില്‍ ഭ്രൂണങ്ങളില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതപ്രകാരം ഗര്‍ഭച്ഛിദ്രം ചെയ്ത ഭ്രൂണങ്ങളാണ് ഇവയെന്ന് അവര്‍ അവകാശപ്പെട്ടു. ആശുപത്രിയില്‍ വരുന്ന ഗര്‍ഭിണികളെ കാണിക്കാനായി സൂക്ഷിച്ചവയാണ് ഇവ. ചില ജീവനക്കാര്‍ തന്നെയറിയിക്കാതെ അവ അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ അവകാശവാദം തെളിയിക്കാനുള്ള രേഖകള്‍ ആശുപത്രിയിലില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.