ചോദ്യം ചെയ്യലിന് സ്വപ്ന എൻഫോഴ്സ്മെന്റ് ഓഫീസിലെത്തി; ഗൂഢാലോചന കേസിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് സ്വപ്ന ചോദ്യംചെയ്യലിനായി എത്തിയത്. വധ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്ന ഹാജരായില്ല. അതേസമയം ഗൂഢാലോചന കേസിൽ സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ചോദ്യം ചെയ്യൽ.സ്വപ്നയുടെ രഹസ്യമൊഴിയിലെ ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്നാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും ഇ ഡി നിർദേശിച്ചിരുന്നു. ഇതു മൂന്നാം തവണയാണ് ഇകാര്യത്തിൽ സ്വപ്നയെ ചോദ്യംചെയ്യുന്നത്.
അതേസമയം ഗൂഢാലോചന കേസിൽ പ്രത്യേക അന്വേഷണ സംഘവും ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സ്വപ്ന ഹാജരായില്ല. അഭിഭാഷകനോട് നിയമോപദേശം തേടിയ ശേഷമാണ് ഹാജരാകില്ലെന്ന കാര്യം അറിയിച്ചത്. ഈ കേസിൽ സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷയും നൽകി.
കേസിൽ സ്വപ്നക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിലാണ് നീക്കം. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസ് എടുത്തതെങ്കിലും പിന്നീട് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നീക്കത്തെ നിയമപരമായി നേരിടുമെന്നും സ്വപ്ന പറഞ്ഞു.
Content Highlights: Swapna Suresh ED Office Kochi