സിനിമാ സെറ്റുകളിൽ മോണിറ്ററിങ് കമ്മിറ്റി; തീരുമാനം വനിതാ കമ്മീഷൻ അധ്യക്ഷ പങ്കെടുത്ത യോഗത്തിൽ
സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയിൽ ഫിലിം ചേമ്പറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒമ്പത് സംഘടനകളിൽ നിന്ന് മൂന്ന് പേരെ മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഒരു മാസത്തിനുള്ളിൽ ഐസിസി പ്രവർത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.’അമ്മ’ സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പുനസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതീനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ദേവീ ചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐസിസിയ്ക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.
എല്ലാ സംഘടനകളിലും ഐ സി സി വേണമെന്ന് വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു. ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കിൽ പകരം ആളുകളെ നിയമിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അമ്മ സംഘടനയിലെ ഐ സി സി കമ്മിറ്റിക്ക് നൽകിയ പരാതി ഇനി വരുന്ന കമ്മിറ്റി പരിഗണിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
ഡബ്ല്യു സി സി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ താരസംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു.
Content Highlights: ICC Monitoring Committee film location