സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി; ഒരു മണിമുതൽ ചർച്ച
സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി.ഉച്ചക്ക് ഒരു മണിമുതൽ മൂന്ന് മണിവരെയാണ് ചർച്ച നടത്തുക. സർക്കാർ സ്വർണക്കടത്ത് കേസ് അട്ടമറിക്കുന്നുവെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സ്വപ്ന നൽകിയ രഹസ്യമൊഴി തിരുത്താൻ ശ്രമം നടക്കുന്നു. വിജിലൻസ് ഡയറക്ടറേയും ഇടനിലക്കാരെയും ഇതിനായി ഉപയോഗിച്ചു എന്നും നോട്ടീസിൽ പറയുന്നു. അടിയന്തര പ്രമേയം ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ ഗുരുതര ആരോപണങ്ങൾ മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതടക്കമുല്ള വാദങ്ങളിലൂന്നിയാണ് പ്രതിപക്ഷം വിഷയം അവതരിപ്പിക്കുക.
രണ്ടാം പിണറായി വിജൻ സർക്കാർ ചർച്ചക്കെടുത്ത രണ്ടാമത്തെ അടിയന്തര പ്രമേയമാണ് ഇത്. ആദ്യപ്രമേയം സിൽവർ ലൈൻ പദ്ധതി സംബന്ധിച്ചുള്ളതായിരുന്നു. പി സി വിഷ്ണുനാഥ് ആയിരുന്നു ഈ വിഷയം സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. ഇന്നത്തെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം സഹകരിച്ചു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ സമരത്തെ അടിച്ചമർത്തിയതും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ഇന്ന് സഭയിൽ വരിക.
Content Highlights: Niyama Sabha Urgent resolution gold smuggling Case