‘സ്വർണക്കടത്തിലെ ഇടനിലക്കാർ കെട്ടുകഥ മാത്രം; സ്വപ്നയെ നിയന്ത്രിക്കുന്നത് സംഘപരിവാർ സംഘടന’- മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിലെ ഇടനിലക്കാർ എന്നത് കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നത് സംഘപരിവാർ സംഘടനയാണ്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള മൊഴിക്ക് പിന്നിലും സംഘപരവാർ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമേയം സഭ തള്ളി.
സോളാർ കേസ് വീണ്ടും ഉയരുന്നത് എന്തിനാണെന്ന് അറിയില്ല. സോളാർ വിവാദ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ നിഗമനത്തിനുസരിച്ചാണ് കേസെടുത്തത്. നിയമനടപടി പുരോഗമിക്കവേയാണ് സി ബി ഐ അന്വേഷണം എന്ന ആവശ്യം പരാതിക്കാരി ഉന്നയിച്ചത്. അവർ പറഞ്ഞ കാര്യങ്ങൾ അന്നത്തെ കമ്മീഷൻ അംഗീകരിച്ചു. ഇതിൽ ഒരു ഒത്തുകളിയും നടന്നിട്ടില്ല. ഉമ്മൻചാണ്ടിക്ക് വേണ്ടി സർക്കാർ നിലപാടെടുത്തിട്ടില്ല. നിയമത്തിന്റെ വഴിക്ക് പൂർണമായി വിടുകയാണ് ചെയ്തത്. ഇത്രയും പ്രധാനപ്പെട്ട ചർച്ച നടക്കുമ്പോൾ സഭയിൽമുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്താതിരുന്നതിനെയും മുഖ്യമന്ത്രി പരിഹസിച്ചു.
സോളാർ കേസിനെയും ഇപ്പോൾ ഉയർന്നുവന്ന സ്വർണക്കടത്തു കേസിനെയും ഒരേ തലത്തിൽ കാണേണ്ടതില്ല. സ്വർണക്കടത്ത് കേസന്വേഷണം സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിലല്ല. അതിനാൽ തന്നെ അട്ടമറിയെ കുറിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയെ ബോധപൂർവം ചില കാര്യങ്ങൾ പറയാൻ സംഘപരിവാർ സംഘടന ചുമതലപ്പെടുത്തിയതാണ്. അതിനുള്ള ചെല്ലും ചെലവും അവരാണ് നൽകുന്നതും. കേവലം ഒരു പ്രതിയുടെ വാക്കുകളെ പ്രതിപക്ഷം ഏതുതരത്തിലാണഅ മുഖവിലക്കെടുക്കേണ്ടത്.ഇവിടെ അവരുടെ വാക്കിനെ വേദവാക്യമായി കാണുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷാജ് കിരണുമായി സംസ്ഥാ സർക്കാറിന് നേരിട്ട് യാതൊരു ബന്ധവുമില്ല, നിലവിൽ സർക്കാറിന് ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല . ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വഴിവിട്ട നീക്കം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കാൻ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജ് കിരൺ വിജിലൻസ് ഡയറക്ടറോട് സംസാരിച്ച കാര്യം പരാമർശിക്കവേ ആയിരുന്നു പ്രതികരണം.
സംഘപരിവാർ ബന്ധമുള്ള സംഘടനയും ജയ്ഹിന്ദിലെ ജോലിക്കാരനും ചേർന്നു നടത്തുന്ന നാടകത്തിനാണ് ഇപ്പോൾ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബി ജെ പി ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചോദ്യവും പ്രതിപക്ഷത്തിന്റെഭാഗത്ത് നിന്ന് ഉയരുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെ പലപ്പോഴും മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽ നാടൻ ചർച്ചിടെ നടത്തിയ പരാമർശത്തിന് മറുപടിനൽകവേയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. മകളെ പറയുമ്പോൾ താനങ്ങ് കിടുങ്ങുമെന്ന് കരുതിയോ എന്നും അദ്ദേഹം ചോദിച്ചു.പ്രൈസ് വാർട്ടർ കൂപ്പേഴ്സ് ഡയറക്ടർ മെന്ററാണെന്ന് വീണാ വിജയൻ സൂചിപ്പിച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ വാദഗതികളെ ഭരണപക്ഷം ഡസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ ശബ്ദമുയർത്തി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങൾ.
Content Highlights: CM Niyama Sabha on Swapna Suresh case Urgent Resolution