എകെജി സെന്റര്‍ ആക്രമണം; ബോംബെറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ്
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടനവസ്തുക്കള്‍ എറിഞ്ഞ കേസില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി പൊലീസ്. ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. വഴിയരികില്‍ വച്ച് മറ്റൊരു വാഹനത്തില്‍ എത്തിയ ആള് സ്ഫോടക വസ്തുക്കള്‍ അക്രമിക്ക് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, എകെജി സെന്ററിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പ്രകാരം അക്രമം നടത്തിയ പ്രതി ചുവന്ന സ്കൂട്ടറിലെത്തിയാണ് ബോംബെറിഞ്ഞത്. പോസ്റ്റിട്ടയാള്‍ക്കും ചുവന്ന സ്കൂട്ടര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച്ച രാത്രി 11.30 മണിക്കാണ് ആക്രമണം നടന്നത്. രാത്രി 11.21 ന് അക്രമി എകെജി സെന്ററിന് പരിസരത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് 11.24ന് വീണ്ടുമെത്തി അക്രമണം നടത്തിയതായാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവം നടന്ന് 36 മണിക്കൂറിലധികം പിന്നിടുമ്പോഴാണ് പൊലീസിനു നിര്‍ണായക സൂചനകള്‍ ലഭിക്കുന്നത്.
Content Highlights – Case of throwing explosives at the AKG center, Kerala Police, received crucial clues