SDPI നേതാക്കൾ AKG സെന്ററിൽ; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ, വിശദീകരണവുമായി CPM
എസ് ഡി പി ഐ നേതാക്കൾ എ കെ ജി സെന്റർ സന്ദർശിച്ചു എന്ന വാർത്തയിൽ പ്രതികരണവുമായി സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസ് രംഗത്തെത്തി. ഒരു വർഗീയ ശക്തികളുമായും സി പി എം കൂട്ടുപിടിക്കില്ല. എസ് ഡി പി ഐ നേതാക്കൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകൾ തെറ്റിദ്ധാരണാ ജനകമാണെന്നും സി പി എം കുറ്റപ്പെടുത്തി.
സാധാരക്കാർക്ക് ആശ്രയം എന്ന നിലയിലാണ് എ കെ ജിയുടെ പേരിലുള്ള ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് ഏത് സമയത്തും ആർക്കും കടന്നുവരാം. ആർക്കും വിലക്കില്ല. പക്ഷേ ഏതെങ്കിലും വർഗീയ- മത ശക്തികളുമായി ഒരു രാഷ്ട്രീയ ചർച്ചയും എ കെ ജി സെന്റിൽ നടക്കില്ല. നേരത്തെ എ കെ ജി സെന്ററിൽ നിന്ന് ഇറങ്ങിവരുന്ന പടം ചില എസ് ഡി പി ഐ പ്രൊഫൈലുകൾ വഴി പ്രചരിപ്പിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിശദീകരണം.
ജൂലായ് ഒന്നിന് വൈകുന്നേരം എ കെ ജി സെന്ററിലെത്തിയ ഏഴ് എസ് ഡി പി ഐ നേതാക്കൾ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നു. സെക്യൂരിറ്റി അകത്തേക്ക് കയറാൻ അനുവാദം നൽകാത്തതിനെ തുടർന്ന് കുറച്ച് സമയം കാത്തിരുന്ന ശേഷം തിരികെപ്പോവുകയായിരുന്നു. എന്നാൽ പിന്നീട് ഇവർ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തിലായിരുന്നു ഫോട്ടോയുടെ കാപ്ഷൻ.
വാർത്താക്കുറിപ്പിലൂടെയാണ് എ കെ ജി സെന്റർ വിശദീകരം നൽകിയത്. ബോംബാക്രമണത്തിന് ശേഷമാണ് എ കെ ജി സെന്ററിൽ എസ് ഡി പി ഐ നേതാക്കൾ എത്തിയതെന്നാണ് പറയുന്നത്. നടക്കാത്ത കൂടിക്കാഴ്ചയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം ഗൂഢമാമെ്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി പി എം ആരോപിക്കുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ ഇക്കാര്യങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുമെന്ന് പറയുന്ന കുറിപ്പിൽ തെറ്റായ വാർത്ത് പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ഫലത്തിൽ ഈ ദുരുദ്ദേശത്തെ പിന്തുണക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
Content Highlights: SDPI- CPM meeting explains AKG Center