എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിന് മെല്ലെപോക്കെന്ന് പി സി വിഷ്ണുനാഥ്
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് മെല്ലെപ്പോക്ക് നയമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥ്. അക്രമണം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സദാ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എങ്ങനെ ആക്രമണം നടന്നെന്ന് വിശ്വനാഥ് ചോദ്യമുയര്‍ത്തി. എകെജി സെന്റര്‍ ആക്രമണത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുന്നതിനിടയിലാണ് പി സി വിഷ്ണുനാഥിന്റെ ചോദ്യങ്ങള്‍.
അക്രമം നടന്നിട്ട് നാല് രാത്രിയും മൂന്ന് പകലും കഴിഞ്ഞിട്ടും ഇതുവരെയും അക്രമിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നില്‍ യുഡിഎഫ് ആണന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് . ആക്രമണം നടന്ന ഉടന്‍ തന്നെ എകെജി സെന്ററിലെത്തിയ ഇ പി ജയരാജന് സിസിടിവി പോലും പരിശോധിക്കാതെയാണ് ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറഞ്ഞത്. അതിനുശേഷം വ്യാപകമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎം ആക്രമണം നടന്നതായി വിഷ്ണുനാഥ് പറഞ്ഞു.
എകെജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണമാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു. അടുത്തുണ്ടായ കരിയില പോലും കത്തിയില്ല. മതിലിലെ രണ്ടു മൂന്ന് കരിങ്കല്‍ കഷണങ്ങള്‍ക്കാണ് കേടുപാടു പറ്റിയത്. കരിയില പോലും കത്താതെയുള്ള നാനോ ഭീകരാക്രമണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ ഏജന്‍സികള്‍ കേരളത്തിലേക്ക് വരികയാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു.
Content Highlights – MLA P C Vishnu Nath, Criticizes the police’s slow-moving policy regarding the AKG center attack