കാളി ഡോക്യുമെന്ററി വിവാദം; ലീന മണിമേഖലയെ പിന്തുണച്ച് എം പി മഹുവ മൊയ്ത്ര രംഗത്ത്
ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെ തുടർന്നുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി തൃണമുല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര രംഗത്ത്. കാളിയെന്നാല്‍ തന്റെ സങ്കല്പത്തില് മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് അവരവർക്കിഷ്ടമുള്ള രീതിയില്‍ സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദേവന്മാര്ക്ക് മദ്യം നേര്‍ച്ചയായി നല്കുന്ന പതിവുണ്ടെന്നും ചില സ്ഥലങ്ങളിൽ ഈ രീതി ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മഹുവ. കാളിദേവി പുകവലിക്കുന്നതായി ചിത്രീകരിച്ച ഡോക്യുമെന്ററി പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മഹുവ തന്റെ അഭിപ്രായം പറഞ്ഞത്.
ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയായി വേഷമിട്ട താരം പുകവലിക്കുന്നതായി ചിത്രീകരിച്ചത് ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് വിവാദം ഉടലെടുത്തത്. സംവിധായിക തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ടൊറന്റോയിലെ തെരുവില്‍ സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പുകവലിക്കുന്നതു കൂടാതെ കാളിയുടെ ത്രിശൂലം, വാള് തുടങ്ങിയ ആയുധങ്ങളും പോസ്റ്ററിലുണ്ട്. കൂടാതെ എല്‍ജിബിടിക്യു പതാകയും പോസ്റ്ററില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് ലീന നേരിടുന്നത്. ലീന മണിമേഖലക്കെതിരെ ചില സാമൂഹ്യ സംഘടനകളും വ്യക്തികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights – MP Mahua Moitra, In support of Leena Manimekhala