ഭരണഘടനയ്ക്കെതിരായ പ്രസ്താവന; സജി ചെറിയാൻ രാജിവെച്ചു
ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്.
ഇന്ന് രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ രാജി വെയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ എന്തിന് രാജി വെയ്ക്കണമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. എന്നാല്‍ ഉച്ചയോട് കൂടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മന്ത്രി സജി ചെറിയാനെ വിളിപ്പിച്ചിരുന്നു. പാർട്ടിക്കും മന്ത്രിസഭക്കും ഇക്കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നും മുഖം രക്ഷിക്കണമെങ്കിൽ സജി ചെറിയാനെ മാറ്റിനിർത്തണം എന്ന ആവശ്യം ശക്തമായതോടെയാണ് സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടത്. രാവിലെ എ ജി യെ വിളിച്ച് നിയമോപദേശം സ്വീകരിച്ചപ്പോഴും രാജിവെക്കുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു. വൈകുന്നേരം വരെ പിടിച്ചു നിന്നെങ്കിലും മുഖ്യമന്ത്രി വൈകീട്ട് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയാണ് ഉണ്ടായത്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയായ ‘നൂറിന്റെ നിറവില്‍’ സംസാരിക്കവേയായിരുന്നു മന്ത്രി സജി ചെറിയാന് ഭരണഘടനക്കെതിരായി പ്രസ്താവന നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതാണ് മന്തിയുടെ പ്രസ്താവന. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന് എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന് നടത്തിയിരുന്നു.
Content Highlights – Saji Cherian resigned, statement against the Constitution