ക്ലബ് മാറ്റത്തിനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ; ബാഴ്സ മുതൽ ബയേൺ മ്യൂണിക് വരെ ചർച്ചയിൽ
യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിലെ ഇപ്പോഴത്തെ ചർച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് മാറ്റമാണ്. സീസൺ ആരംഭിക്കുമ്പോൾ ഏത് ക്ലബിലായിരിക്കും റൊണാൾഡോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ വിടാൻ താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെ അഭ്യൂഹങ്ങള്‍ കൊണ്ട് നിറയുകയാണ് യൂറോപ്യൻ ട്രാൻസ്ഫർ വിപണി. പോർച്ചുഗീസ് സൂപ്പർ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കായിക ലോകത്തിലെ ചർച്ചകളെല്ലാം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുള്ള ക്രിസ്റ്റ്യനോ കഴിഞ്ഞ സീസണില്‍ 24 ഗോള്‍ നേടിയിരുന്നു. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ താരത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
37 വയസ്സുള്ള താരത്തിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണ മുതൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് വരെയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതാണ് താരം ക്ലബ് വിടാൻ കാരണമെന്നാണ് അഭ്യൂഹം. എന്തായലും റൂമറുകൾ കൊഴുക്കുമ്പോൾ പോർച്ചുഗലിൽ വെക്കേഷനിലാണ് സൂപ്പര്‍ താരം റൊണാൾഡോ.
പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ പരിശീലന സെഷനുകളില്‍ പങ്കെടുത്തിരുന്നില്ല. കുടുംബപരമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോ പരിശീലനക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് താരം ക്ലബ് വിടുന്നു എന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായതത്.
Content Highlights: Cristiano Ronaldo Football Club Change