‘ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡനം’; ക്രൈംബ്രാഞ്ചിനെതിരെ സ്വപ്ന സുരേഷ്
ചോദ്യംചെയ്യലിന്റെ പേരിൽ ക്രൈംബ്രാഞ്ച് സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന സുരേഷ്. ഗൂഢാലോചനാക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവര്‍ മറ്റുപല കാര്യങ്ങളുമാണ് അന്വേഷിച്ചത്. താന്‍ എച്ച് ആർ ഡി എസില്‍നിന്ന് ഒഴിവാകണം, കൃഷ്ണരാജ് വക്കീലിന്റെ വക്കാലത്ത് ഒഴിവാകണം തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തെളിവുകള്‍ ചോദിച്ചെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി തന്റെയും കുടുംബത്തിന്റെയും അന്നംമുട്ടിച്ചെന്നും സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി.
എച്ച്.ആര്.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രികെ കുറിച്ചുള്ള സത്യങ്ങള്‍ പുറത്തു കൊണ്ടുവരാൻ ഏതറ്റം വരെയും പോവുമെന്നും സ്വപ്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെണ്മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോര.
അന്വേഷണത്തിനറെ ഭാഗമായി ചില കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചു, ചോദ്യംചെയ്തു. അതിനെ ചോദ്യംചെയ്യല്‍ എന്ന് പറയാനാകില്ല. പീഡനമായിരുന്നു.
എച്ച്.ആര്.ഡി.എസില്‍നിന്ന് ഒഴിവാകണം എന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ആദ്യം മുതൽ ആവശ്യപ്പെട്ടത്. കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ആവശ്യപ്പെട്ടു.
വീണ വിജയന്റെ ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകള്‍ എവിടെയാണെന്നായിരുന്നു അടുത്ത ചോദ്യം. വീണ വിജയന് ബിസിനസ് നടത്താന്‍ പാടില്ലെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാന്‍ എന്റെ കേസിനെപ്പറ്റിയും മൊഴിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇതിനാണോ ഗൂഢാലോചനക്കേസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. എച്ച്ആര്ഡിസിലെ മറ്റു ജീവനക്കാരെയും ക്രൈംബ്രാഞ്ച് ദ്രോഹിക്കുകയാണ്.
770 കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് പറഞ്ഞത്. 770 അല്ല എത്ര കേസുകളിലും പ്രതിയാക്കിക്കോട്ടെ, കേറികിടക്കുന്ന വാടകവീട്ടിലും പോലീസുകാരെ വിട്ട് ഇറക്കിവിടുകയാണെങ്കില്‍ തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡില്‍ ആണെങ്കിലും ഏത് റോഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ഞാന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനങ്ങളെ അറിയിച്ച് കൊടുത്തിരിക്കും. ഞാന്‍ കൊടുത്ത മൊഴി സത്യമാണ്. അതില്‍ മാറ്റമില്ല, അത് നടന്നതാണ് എന്നും സ്വപ്ന സുരേഷ് ആവർത്തിക്കുന്നു.
Content Highlights – Swapna Suresh, Torture for Interrogation, Against crime branch