ആനയെ പ്രകോപിപ്പിച്ച വ്ളോഗര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്
കൊല്ലം ജില്ലയിലെ പുനലൂരിൽ വനത്തിൽ അതിക്രമിച്ചു കയറിയ വ്ളോഗര്‍ക്കെതിരെ കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് ഫോറസ്റ്റ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തത്. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അനുവിനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടു മാസം മുൻപ് മാമ്പഴത്തറ വനമേഖലയിൽ ചിത്രീകരിച്ച ദൃശ്യങ്ങളുടെ പേരിലാണ് ഫോറസ്റ്റ് അധികൃതരുടെ നടപടി.
എട്ട് മാസം മുൻപാണ് സംഭവം. തുടർന്ന് ഈ ദൃശ്യങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജയകുമാർ കേസെടുത്തത്. പുനലൂരിനും തെന്മലയ്ക്കും ഇടയിലുള്ള സംരക്ഷിത വനമേഖലയിലൂടെ ഇവർ യാത്ര ചെയ്ത് കാട്ടാന എവിടെയെന്നു കണ്ടെത്തിയശേഷം ആനയുടെ സമീപമെത്തി ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
വ്ളോഗറെ കാട്ടാന ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുനലൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഷാനവാസിന്റെ നിർദേശപ്രകാരം വനം വന്യജീവി നിയമത്തിലെ മറ്റു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്നത് ആരൊക്കെയാണ് എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഇവർക്കെതിരെയും കേസെടുക്കമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights – Case against the vlogger who provoked the elephant, Forest department