കല്‍പ്പറ്റ ബൈപ്പാസ് നിര്‍മാണത്തിലെ വീഴ്ച്ച; രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ വീഴ്ച്ച വരുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെആര്‍എഫ്ബി അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
കല്‍പ്പറ്റ ബൈപ്പാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വയനാട് ജില്ലയിലെ ഡിഐസിസി യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു. എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ പരിപൂര്‍ണമായി നടപ്പിലാക്കാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്.
മഴക്കാലമായതിനാല്‍ കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം ഉണ്ടാവുക. ബൈപ്പാസ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights – Fall in construction of Kalpetta bypass, public works minister suspended the officials