ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
ത്യാഗസ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടേയും മകന് ഇസ്മായിലിന്റെയും ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഇന്ന്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി ആഘോഷത്തിലാണ് വിശ്വാസികള്‍.
സംസ്ഥാനത്തെ വിവിധ പള്ളികളില്‍ രാവിലെ മുതല്‍ പെരുന്നാള്‍ നമസ്കാരങ്ങളും മറ്റു ചടങ്ങുകളും നടന്നു. ഒരു ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കുചേര്‍ന്നു. മോശം കാലാവസ്ഥ കാരണം സംസ്ഥാനത്ത് ഇത്തവണ ഈദ്ഗാഹുകള്‍ ഉണ്ടായിരുന്നില്ല.
പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു.
‘മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാള്‍. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണം.’
മുഖ്യമന്ത്രി ഫേയ്സ്ബുക്കില്‍ കുറിച്ചു.
ഗള്‍ഫ് രാജ്യങ്ങളിള്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തിരുന്നു.
Content Highlight: Eid al-Adha, Bakrid, Bali Perunnal, Kerala