പാലക്കാട് പോക്സോ കേസ്; പ്രതികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താനായില്ല
വിചാരണ തുടങ്ങാനിരുന്ന പാലക്കാട് പോക്സോ കേസിലെ പ്രതികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ് കോടതി ഏൽപ്പിച്ചിരുന്നത്. മുത്തശ്ശിയുടെ സംരക്ഷണയിലുള്ള കുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മുത്തശ്ശി പൊലീസിൽ നൽകിയ പരാതിയൽ പറയുന്നു. കാറിലും ബൈക്കിലും ആയിരുന്നു പ്രതിയും സംഘവും എത്തിയതെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച നിലയിലും ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജവുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.
ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയെ കേസിലെ പ്രതിയായ ചെറിയച്ഛൻ തട്ടിക്കൊണ്ടുപോയതെന്നും മുത്തശ്ശി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചതായും തന്റെ കൈക്ക് പരിക്കേറ്റതായും മുത്തശ്ശി മൊഴിനൽകി. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചതാനെന്നും മുത്തശ്ശി കൂട്ടിച്ചേർത്തു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlight: Palakkad, POCSO Case