വിദേശകാര്യമന്ത്രിയുടെ കേരള സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി; ഭയം എന്തിനെന്ന് വി മുരളീധരൻ
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിരുവനന്തപുരത്ത് ബൈപ്പാസ് നിർമാണം നിരീക്ഷിക്കാനെത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കേണ്ട കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. ബി ജെ പി കേന്ദ്രങ്ങൾ ഇക്കാര്യങ്ങൾതുറന്നുപറയുന്നില്ലെങ്കിലും വിദേശകാര്യമന്ത്രി ജയശങ്കറെത്തിയതും ഇതിന് വേണ്ടിത്തന്നെയാണ്. കഴിഞ്ഞദിവസം എത്തിയ ജയശങ്കര്‍ മൂന്നുദിവസം തിരുവനന്തപുരത്ത് ഉണ്ടാവും. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദേശീയപാതാ വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
എന്നാൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തി മുഖ്യമന്ത്രി അസ്വസ്ഥനാവുന്നത് എന്തിനാണെന്ന മറുചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രി എന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും ആ ധാരണയുണ്ടെങ്കിൽ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുമായി സംവദിക്കാനും വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാർക്കുമുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന സമീപനമാണ് മോദി സർക്കാറിന്റേത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോൾ സെക്രട്ടേറിയറ്റിന്റെ പടിക്കൽ വരെ പോവാത്ത മുഖ്യമന്ത്രിക്ക് ജയശങ്കറിന്റെ വരവിനെ വിമർശിക്കാൻ ധാർമിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Central Minister S Jayasankar visits Kerala, Pinarayi Vijayan