പൾസർ സുനിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി; ‘ആരോപണങ്ങൾ അതീവ ഗുരുതരം, വിചാരണ നീണ്ടാൽ വീണ്ടും ജാമ്യാപേക്ഷ നൽകാം’- സുപ്രീംകോടതി
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്കിയ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതിജീവിത പോലീസിനും പിന്നീട് കോടതിയിലും നല്കിയ മൊഴിയില്‍ പള്‍സര്‍ സുനിക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍തന്നെ വിചാരണയുടെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന നടന് പോലും ജാമ്യത്തിലാണ്. വിചാരണ നീണ്ടു പോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീം കോടതി തന്നെ വിവിധ കേസുകളില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതിനാല്‍ അഞ്ചര വര്‍ഷത്തില്‍ അധികം ജയിലില്‍ കഴിഞ്ഞ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. അഭിഭാഷകരായ കെ. പരമേശ്വര്‍, ശ്രീറാം പ്രാക്കാട്ട്, സതീഷ് മോഹനന് എന്നിവരാണ് പള്‍സര്‍ സുനിക്കുവേണ്ടി ഹാജരായത്.
എന്നാല്‍, അതിജീവിതയെ പീഡിപ്പിച്ച വ്യക്തിയാണ് സുനിയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രഞ്ജിത്ത് കുമാറും, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ രാജന് ഷൊങ്കറും ചൂണ്ടിക്കാട്ടി. പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ നടപടിയെയും രഞ്ജിത്ത് കുമാര്‍ വിമര്‍ശിച്ചു.
Content Highlights: Supreme Court reject Bail petition of Pulsar Suni