ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തെരെഞ്ഞെടുക്കും; നാമനിര്‍ദേശം നല്കാന് സ്പീക്കറോട് ആവശ്യപ്പെട്ട് റനില്‍ വിക്രമസിംഗെ
ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തെരെഞ്ഞെടുക്കും. ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സമ്മതമുള്ള പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാനാണ് വിക്രമസിംഗെ, സ്പീക്കറായ മഹിന്ദ യാപ അഭയവര്‍ധനയോട് ആവശ്യപ്പെട്ടത്.
ശ്രീലങ്കയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് തിങ്കളാഴ്ച്ച നടന്ന മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നതെന്നും വിക്രമസിംഗെ സ്പീക്കറോട് അറിയിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ ബുധനാഴ്ച്ച രാവിലെ മാലിദ്വീപിലേക്ക് കടന്നുകളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് അംഗരക്ഷകരും കൂടെ ഉണ്ടായിരുന്നതായി വ്യോമസേന വ്യക്തമാക്കി. ബുധനാഴ്ച്ച ഗോതബായ രാജിവെയ്ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി തെരെഞ്ഞെടുത്തത്.
അതേസമയം, പ്രസിഡന്റ് രാജിവെയക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ അറിയിച്ചു. പ്രതിഷേധവുമായി വന്‍ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ എത്തിച്ചേര്‍ന്നിരുന്നു. പലയിടങ്ങളിലും പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉടന്‍ രാജിവെയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Content Highlights – Ranil Wickremesinghe, Asked the Speaker to suggest a new Prime Minister