നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി നീട്ടി
കാപ്പനിയമ പ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി നീട്ടി. നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി അത്താണി വയലും പാടത്ത് വീട്ടില്‍ അനൂപ് (പൊക്കന്‍ അനൂപ് 32) ന്റെ ശിക്ഷാകാലാവധിയാണ് നീട്ടിയത്.
ശിക്ഷാകാലാവധി ആറു മാസത്തില്‍നിന്ന് ഒരു വര്‍ഷമാക്കി നീട്ടിയാണ് സര്‍ക്കാര്‍ ഉത്തരവായത്. 2020 ല്‍ മാത്രം മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ 2020 നവംബറില്‍ ആറ് മാസത്തേക്ക് കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഈ ഉത്തരവിനെതിരെ ഇയാള്‍ കാപ്പ ഉപദേശകസമിതിയേയും, ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞ ജനുവരിയില്‍ മാട്ടുപുറത്ത് വീട് ആക്രമിച്ച് ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്. ആലങ്ങാട്, പറവൂര്‍, കാലടി, നെടുമ്പാശേരി പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച, ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
Content Highlights – The sentence of the persistent offender was extended to one year