സംസ്ഥാനത്ത് മങ്കിപോകസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ 12-ാം തീയതി യുഎയില്‍ നിന്ന് കൊല്ലം ജില്ലയില്‍ എത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിള്‍ പോസിറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു ചികിത്സയിലാണ്.
രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടുപിടിച്ചതായി മന്ത്രി പറഞ്ഞു. രോഗിയുടെ അച്ഛനും, അമ്മയും, ടാക്സി-ഓട്ടോ ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
മൂന്ന് ദിവസം മുന്‍പാണ് രോഗി യുഎയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് പനിയും ശരീരത്തില്‍ വസൂരിയുടേത് പോലത്തെ കുരുക്കളും പ്രത്യക്ഷപ്പെട്ടിരുന്നു. ഉടന്‍ തന്നെ ആുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തെ ആരോഗ്യ വിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. വിദേശത്ത് നിന്ന് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങ്പനി സ്ഥിരീകരിച്ചിരുന്നു.
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.
പനി, തലവേദന, ത്വക്കില്‍ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. കുരങ്ങ്, എലി എന്നിവയില്‍ നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.
കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണ നിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയില്‍ മരണ നിരക്ക് പൊതുവെ കുറവാണ്.
Content Highlights – Monkeypox has been confirmed in the state