ജനിതക രോഗങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ പ്രതിരോധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി
ജനിതക രോഗങ്ങള്‍ മൂലം രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ജനിതക വൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനങ്ങള്‍ കുട്ടികളില്‍ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഹൈദരാബാദിലെ തലസീമിയ ആന്‍ഡ് സിക്കിള്‍ സെല്‍ സൊസൈറ്റിയില്‍ (ടിഎസ്സിഎസ്) റിസര്‍ച്ച് ലബോറട്ടറി, അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, രണ്ടാം ബ്ലഡ് ട്രാന്സ്ഫ്യൂഷന് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കവെ, ജനിതക രോഗങ്ങളെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വകാര്യമേഖലയോടും എന്‍ജിഒകളോടും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
ഈ ജനിതക അവസ്ഥകള്‍ക്കുള്ള ലഭ്യമായ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ — മജ്ജ മാറ്റിവയ്ക്കല്‍ അല്ലെങ്കില്‍ സാധാരണ രക്തപ്പകര്‍ച്ച – ചെലവേറിയതും കുട്ടികള്‍ക്ക് വിഷമകരവുമാണെന്ന് ശ്രീ നായിഡു പറഞ്ഞു. അതിനാല്‍, ആരോഗ്യപരിരക്ഷ എല്ലാവര്ക്കും പ്രാപ്യമാക്കുന്നതിന്, സ്വകാര്യമേഖല കൂടുതല്‍ രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങള്‍, പ്രത്യേകിച്ച് റ്റിയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 10 മുതല്‍ 15 ആയിരം കുഞ്ഞുങ്ങള്‍ തലസീമിയയുമായി ജനിക്കുന്നുണ്ടെന്ന് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഈ ജനിതക രോഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് അവയുടെ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും വലിയ തടസ്സമെന്ന് പറഞ്ഞു. അതിനാല്‍, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗികളെ കൗണ്‍സിലിംഗ് ചെയ്യാന്‍ സഹായിക്കുമെന്നും, അതിലൂടെ കുട്ടികളില്‍ ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന വികലമായ ജീനുകളുടെ നിശബ്ദ വാഹകരായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights – Genetic diseases in the country, M. Venkaiah Naidu