ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം, ഹത്രാസ് കേസിൽ ജാമ്യം കിട്ടാത്തതിനാൽ പുറത്തിറങ്ങാനാവില്ല
മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018-ലെ ട്വീറ്റില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് എടുത്ത കേസിലാണ് പാട്യാല ഹൗസ് കോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ഒരാള്‍ ജാമ്യത്തിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ ജംഗാല ജാമ്യം നല്‍കിയത്.
അറസ്റ്റിലായ സുബൈര്‍ ജൂലായ് രണ്ടിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ജൂണ്‍ 27-ന് അറസ്റ്റിലായ സുബൈര്‍ നിലവില്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.
ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഡല്‍ഹി പോലീസ് എടുത്ത കേസില്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല.
ഉത്തർപ്രദേശിൽ മുഹമ്മദ് സുബൈറിന്റെ പേരില്‍ ആറ് കേസെടുകളെടുത്തിട്ടുണ്ട്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹത്രാസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത് വരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനാല്‍ ജയില്‍ മോചനം വൈകും.
Content Highlights: Alt News founder Muhammad Zubair grant bail