വളപട്ടണം ഐ എസ് കേസിൽ മൂന്ന് പ്രതികൾക്കും തടവ് ശിക്ഷയും പിഴയും
വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്ന് പ്രതികൾക്കും തടവ് ശിക്ഷയും പിഴയും. കൊച്ചി എൻ ഐ എ പ്രത്യേക കോടതിയുടെതാണ് വിധി. മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു കെ ഹംസ എന്നിവർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും വളപട്ടണം സ്വദേശി അബ്ദുൾ റസാഖിന് ആറ് വർഷം തടവുശിക്ഷയും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 പേർ തീവ്രവാദ പ്രവർത്തനത്തിനായി ഐഎസിൽ ചേർന്നെന്നായിരുന്നു കേസ്.
കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആസൂത്രണം,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ ഐ എ അന്വേഷിക്കുകയായിരുന്നു. നേരത്തെ കുറ്റപത്രം നൽകിയ മൂന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്. 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ 53 സാക്ഷികളെ വിസ്തരിച്ചിരുന്നു.
പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നിലവിൽ അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന പ്രതികൾ ശിക്ഷ കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതികളിലൊരാളായ ഹംസ ഇക്കാര്യത്തിൽ പശ്ചാത്തപിക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു.
Content Highlights: Valapattanam IS Case three accused