മലമ്പുഴ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍
പാലക്കാട് അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച്ച വൈകീട്ട് മൂന്നുമണിയോടെയാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്ററാണ് തുറന്നത്.
നിലവില്‍ 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്ന ശേഷമാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാം തുറന്നത്. ഒരു മണിക്കൂറിന് ശേഷം ഷട്ടര്‍ 30 സെന്റിമീറ്ററായി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, അടുത്ത അഞ്ചു ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
Content Highlights – Malampuzha Dam opened, Authorities issued a warning