ഭക്ഷ്യോത്പന്നങ്ങള്‍ക്ക് 5% ജിഎസ്ടി നാളെ മുതല്‍ പ്രാബല്യത്തില്‍; വിലവര്‍ധന പാക്കറ്റ് ഉത്പ്പന്നങ്ങള്‍ക്ക് മാത്രം
രാജ്യത്ത് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ വിശദീകരണം നല്കി സംസ്ഥാന ജിഎസ്ടി വകുപ്പ്. ചില്ലറ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നും പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി ഈടാക്കുകയെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും പുതുക്കിയ ഭേദഗതിയില്‍ ആശയക്കുഴപ്പമാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. ജിഎസ്ടിയില്‍ വ്യക്തത വേണമെന്ന് സംസ്ഥാന ധനവകുപ്പ് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടതിന് പിന്നാലയാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഭേദഗതി വരുത്തിയ പുതുക്കിയ നികുതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അതേ സമയം, ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ജിഎസ്ടി വകുപ്പ് പറഞ്ഞു.
Content Highlights – 5% GST on food products, Price increase only for packet products