കേരളത്തില്‍ ഓരാള്‍ക്ക് കൂടി മങ്കി പോക്സ്; രോഗം ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ മാസം 13നാണ് ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത്.
മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ജൂലൈ 14-ാം തീയതിയാണ് വിദേശത്തു നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി എല്ലാവരെയും നിരീക്ഷിക്കുകയാണ്. മാറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, സംസ്ഥാനത്ത് മങ്കിപോക്സ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ലക്ഷണങ്ങളുള്ളവര്‍ എത്തുന്നുണ്ടോയെന്ന് സ്ക്രീന്‍ ചെയ്യും. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights – One more monkeypox has been confirmed in Kerala