തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് എഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് എഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവുവിളാകത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (11) ആണ് മരിച്ചത്. നാലു ദിവസം മുന്നേ പനി ബാധിച്ച കുട്ടിയെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ജില്ലയില്‍ അടുത്തിടെ രണ്ട് പേര് ചെള്ള് പനി ബാധിച്ചിച്ച് മരിച്ചിരുന്നു. ഈ മാസം ഇതുവരെ മാത്രം എഴുപതോളം ആളുകള്‍ക്ക് ചെള്ളു പനി സ്ഥിരീകരിച്ചിരുന്നു. 15പേര് രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികിത്സ തേടുകയും ചെയ്തു. ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്.
മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കാണ് ചെള്ള് പനി പടരുന്നത്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.
രോഗബാധ ഉണ്ടായാല്‍ 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ചിഗ്ഗര്‍ മൈറ്റുകള്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറും. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
Content Highlights – 11 year old boy died of flea fever in Thiruvananthapuram