കുഴി അടയ്ക്കണമെങ്കില്‍ ‘കെ-റോഡ്’ ആക്കണമോ; വീണ്ടും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കേരളത്തിലെ റോഡുകള്‍ യാത്ര ചെയ്യാനാകാത്ത വിധം തകര്‍ന്നതില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഹൈക്കോടതി. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പേരു മാറ്റി ‘കെ-റോഡ്’ എന്നാക്കണോ എന്നായിരുന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും യാത്രാ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്.
തകര്‍ന്ന റോഡിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങള്‍ സംഭവിക്കുന്നത് ഇനിയും കണ്ട് നില്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി ആറു മാസത്തിനുള്ളില്‍ റോഡുകള്‍ തകര്‍ന്നാല്‍ ഉത്തരവാദിതികളായ എന്‍ജിനീയര്‍ക്കും കരാര്‍കാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാനാണ് കോടതി യുടെ നിര്‍ദേശം. അറ്റകുറ്റപ്പണികള്‍ നടത്തുന്ന റോഡുകളുടെ കാര്യത്തിലും ഈ നിയമം ബാധകമാണെന്നും കോടതി അറിയിച്ചു.
ഇതിനു മുന്നേയും ഈ കേസ് പരിഗണിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിനേയും കൊച്ചി കോര്‍പ്പറേഷനേയും ഹൈക്കോടതി പരിഹസിച്ചിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാര്‍ ചെയ്ത് അധികം വൈകാതെ റോഡുകള്‍ പൊളിയുന്നു. പശവെച്ചാണോ റോഡുകള്‍ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി അന്ന് ചോദിച്ചിരുന്നു.
Content Highlights – Damaged roads in Kerala, Kerala High Court criticized the Government