അറസ്റ്റു കൊണ്ട് യൂത്ത് കോൺഗ്രസിന്റെ വായടപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ എസ് ശബരീനാഥൻ
വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ മുന്‍ അരുവിക്കര എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍പതിനായിരം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം, മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട അടുത്ത മൂന്നുദിവസങ്ങളിലും അന്വേഷണസംഘത്തിന് മുന്പില് ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തില്‍ ‘മാസ്റ്റര്‍ ബ്രെയിന്‍’ ശബരീനാഥന് ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ് ആപ്പ് സന്ദേശം അയച്ച ഫോണിനുവേണ്ടിയാണ് പോലീസ് ശബരീനാഥന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അനുമതി നല്‍കിയില്ല. ശബരീനാഥന് തന്നെ ഫോണ്‍ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ശബരീനാഥന് അറസ്റ്റിലായത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ശബരീനാഥനെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച പോലീസ് വിളിപ്പിച്ചിരുന്നു.
ശംഖുമുഖം അസിസ്റ്റന്റ്കമ്മീഷണര്ക്ക് മുന്നിലാണ് ശബരീനാഥൻ ഹാജരായത്. സന്ധ്യയോട് കൂടി വഞ്ചിയൂർ കോടതിയിൽ നിന്നാണ് ശബരീനാഥന് ജാമ്യം ലഭിച്ചത്.
ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്നായിരുന്നു ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ശബരീനാഥന്റെ ആദ്യ പ്രതികരണം. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ശബരിനാഥന് പറഞ്ഞു.
സാക്ഷിയായി പൊലീസ് വിളിപ്പിച്ച കേസില്‍ പത്ത് മിനിറ്റിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന്റെ സമയം ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്നും ശബരിനാഥന് ആരോപിച്ചു. കള്ളക്കേസും വ്യാജ അറസ്റ്റുംകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില്‍ അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു.
Content Highlights: K S Sabarinadhan on arrest against air protest