ഇൻഡിഗോ വിമാനത്തിലെ കയ്യേറ്റം; ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി
ഇൻഡിഗോ വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പ്രൈവറ്റ് പെറ്റിഷനിലാണ് കോടതിയുടെ ഉത്തരവ്.
കേസെടുക്കാൻ വലിയ തുറ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. കോടതി ഉത്തരവ് സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. നേരത്തെ പലതവണ യൂത്ത് കോൺഗ്രസ് ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടാണ് കേസെടുക്കില്ല എന്ന നിലപാട് സ്വീകരിച്ചത്. ഇന്നലെ കെ എസ് ശബരീനാഥന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായപ്പോഴും ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഗൺമാൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
തനിക്ക് നേരെയുണ്ടായത് വധശ്രമമാണെന്നും ഇ പി ജയരാജനും ഗൺമാനും സമയോചിതമായി ഇടപെട്ടതിനാലാണ് ജീവൻ രക്ഷ്പപെട്ടതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
Content Highlights: court order against E P Jayarajan on Indigo Encroachment