മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; യുപി സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് തള്ളി കോടതി
ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ സുബൈറിനു ഇന്നു പുറത്തിറങ്ങാം. ഉത്തർപ്രദേശിൽ രജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസുകളിൽ ദില്ലി കോടതി ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. കൂടാതെ സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയിൽ വച്ചതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു.
അറസ്റ്റിനുള്ള പൊലീസിന്റെ അധികാരം മിതമായി പ്രയോഗിക്കാനുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുപി സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചത്.
2018ലെ ട്വീറ്റിന്റെ പേരിൽ ഡൽഹി പൊലീസ് എടുത്ത കേസിൽ സുബൈറിന് കഴിഞ്ഞ ദിവസം ഡൽഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശ് പൊലീസെടുത്ത രണ്ടു കേസില്‍ റിമാൻഡിൽ ആയതിനാൽ സുബൈറിനു ജയിലിനു പുറത്തിറങ്ങാനായിരുന്നില്ല.
കേസ് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വഷണ സംഘം കോടതി പിരിച്ചുവിട്ടു. കൂടാതെ ദില്ലി പൊലീസിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും വ്യക്തമാക്കി. സുബൈർ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന ഉത്തർപ്രദേശ് പൊലീസിൻറെ ഹർജി കോടതി തള്ളി. അഭിഭാഷകനോട് വാദിക്കാൻ പാടില്ല എന്ന് പറയുന്നത് പോലെയാണ് മാധ്യമപ്രവർത്തകനോട് എഴുതരുത് എന്ന് നിർദ്ദേശിക്കുന്നത് എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
Content Highlights: Alt News, Muhammed Subair, Bail