മംഗളവനത്തിന് സമീപത്തെ പാർക്കിങ് ; ഭൂമിക്കായി കേന്ദ്രവും റെയിൽവെയും സുപ്രീം കോടതിയിലേക്ക്
കൊച്ചിയിൽ മംഗളവനത്തിന് സമീപത്ത് ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിനായി സംസ്ഥാന സര്‍ക്കാരിന് പാട്ടത്തിനായി ഭൂമി വിട്ടു നല്‍കണമെന്ന ഉത്തരവിനെതിരെ കേന്ദ്രവും റെയില്‍വേ ബോര്‍ഡും സുപ്രീം കോടതിയിലേക്ക്. ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കിയാല്‍ ഹൈക്കോടതിക്ക് സമീപത്ത് ഒരു നിര്‍മ്മാണവും സാധിക്കില്ലെന്ന വിവാദങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ ഹര്‍ജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയുടെ പരിഗണനയില്‍ കോടതി അലക്ഷ്യ ഹര്‍ജി നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2019 ലാണ് ഹൈക്കോടതിയുടെ പാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് എറണാകുളം വില്ലേജിലെ കണയന്നൂര്‍ താലൂക്കിലെ 466.2 ചതുരശ്ര മീറ്റര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്. മംഗള വനത്തിലേക്ക് പോകുന്ന സലീം അലി റോഡിന് സമീപത്തുള്ള ഭൂമിയാണ് 35 വര്‍ഷത്തെ ലീസിന് സംസ്ഥാന സര്‍ക്കാരിന് നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം രൂപ ഭൂമിയുടെ വാടകയിനത്തില്‍ റയില്‍വെക്ക് കൈമാറണമെന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍ തയ്യാറാക്കിയിരുന്നു.
എന്നാല്‍ കൈമാറാന്‍ നിര്‍ദേശിക്കപ്പെട്ട ഭൂമിയുടെ സമീപത്തുള്ള കൊച്ചി കോര്‍പറേഷന്റെ ഭൂമിയിൽ കൂടി റെയില്‍വേ അവകാശവാദം ഉന്നയിച്ചു. ഇത് ഉള്‍പ്പടെ പല തര്‍ക്കങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂമി കൈമാറ്റം നടന്നില്ല. ഇതിനിടയില്‍ തര്‍ക്ക പരിഹാരത്തിന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ കളക്ടര്‍, ദക്ഷിണ റയില്‍വെയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ചേര്‍ന്നെങ്കിലും ഭൂമി കൈമാറ്റമുണ്ടായില്ല. എല്ലാ ചര്‍ച്ചകളിലും ഭൂമി കൈമാറാന്‍ തയ്യാറാണെന്ന നിലപാടാണ് റെയില്‍വേ സ്വീകരിച്ചത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്
സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മംഗളവനത്തിന് സമീപത്ത് ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സാധ്യമാകില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ തന്നെ റയില്‍വെ ഭൂമി വിട്ടു നല്കിയാലും നിലവിലെ സാഹചര്യത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ സാധ്യമാകില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പക്ഷിസങ്കേതമായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ ഏര്‍പ്പെടുത്തിയ നിരോധനം ചോദ്യം ചെയ്ത് ദക്ഷിണ റയില്‍വേ നല്കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. 2019 ലാണ് ഈ റയില്‍വെയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്. വനഭൂമിയും, പക്ഷിസങ്കേതത്തിന് അടുത്തുള്ള ഭൂമിയും ആയതിനാല്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയും, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യുണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്
Content Highlights: Mangal Forest Central and railway approaches Supreme Court