കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച; സംസ്ഥാനത്തെ വിമർശിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് മരണങ്ങൾ യഥാസമയം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചസംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കണക്കുകള്‍ എന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി പുനഃക്രമീകരിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.
കേരളം കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചുവെന്നാണ് വിമർശനം. ജൂലൈയില്‍ രാജ്യത്തുണ്ടായ 441 മരണത്തില്‍ 117 എണ്ണം കേരളത്തില്‍ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടിച്ചേര്‍ത്തതും ആണെന്നാണ് കത്തിൽ പറയുന്നത്.
രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും കൃത്യമായ കണക്കുകൾ അത്യാവശ്യമാണ്. അതുകൊണ്ട് മരണങ്ങൾ പ്രതിദിന കണക്കിനൊപ്പം കൃത്യമായി റിപ്പോർട്ടു ചെയ്യണം. അതത് ദിവസത്തേത്, പിന്നീട് കൂട്ടിച്ചേര്‍ത്തത് എന്നിങ്ങനെ പ്രത്യേകം തിയ്യതി സഹിതം രേഖപ്പെടുത്തി നല്‍കണമെന്നും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നൽകിയ കത്തിൽ നിർദേശിക്കുന്നു. കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് മുമ്പും ആരോഗ്യ മന്ത്രാലയം കേരളത്തെ വിമർശിച്ചിരുന്നു.
Content Highlights: Kerala government negligence on Covid Death