സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ല- ഭൂമി ഏറ്റെടുക്കുന്ന നടപടി ശരിയല്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഫയൽ ചെയ്ത അധിക വിശദീകരണത്തിൽ പറയുന്നു.
സർവേയ്ക്കായി കെ-റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ അതിന്റെ ഉത്തരവാദിത്വം കെ-റെയിലിനു മാത്രമാണ്. അതേസമയം 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഇത്തരമൊരു സർവേ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും വിശദീകരിക്കുന്നു. സർവേ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധിക വിശദീകരണം നൽകിയത്.
റെയിൽവേക്ക് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും കെ-റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും കോടതിയെ അറിയിച്ചു. സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിനായി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്യുന്ന ഹർജിയാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
Content Highlights: central on Silver line project K Rail