സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്ന് കോടതി – സാമൂഹിക ആഘാത പഠനം പോലും ആഘാതമായി മാറിയെന്ന് ആക്ഷേപം
സിൽവർലൈൻ നല്ല പദ്ധതിയായിരുന്നു പക്ഷേ അത് ശരിയായി നടപ്പിലാക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി. ആരും പദ്ധതിക്കെതിരല്ല. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠനംപോലും മറ്റൊരു ആഘാതമായി മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കെ-റെയിൽ എന്നെഴുതിയ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സാമൂഹികാഘാത പഠനവും സർവേയും ഏതുഘട്ടത്തിലെത്തിയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ മഞ്ഞകുറ്റികൾ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും ജിയോ ടാഗിങ് മുഖേനയാണ് സർവേ നടത്തുന്നതെന്നും സർക്കാർ വിശദീകരിച്ചു. ഹർജി ഓഗസ്റ്റ് 10-ന് വീണ്ടും പരിഗണിക്കും.
കേന്ദ്രസർക്കാരും റെയിൽവേയും അനുമതിനൽകാത്ത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള ഒരു നടപടിയെയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവേ ഉൾപ്പെടെയുള്ള നടപടികൾക്ക് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പണം ചെലവഴിച്ചാൽ അതിന്റെ ഉത്തരവാദിത്വം അവർക്കുമാത്രമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു.
സാമൂഹികാഘാത പഠനത്തിന് സർവേ നടത്താനുള്ള വിജ്ഞാപനം ആറുമാസം കഴിഞ്ഞ സാഹചര്യത്തിൽ സർവേ തുടരുന്നത് നിയമപരമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജിയോ ടാഗിങ് മുഖേനയുള്ള സർവേ തടയുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജികൾ മാറ്റിയത്.
ഇത്രയും വലിയ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചു് നടപ്പാക്കരുതെന്ന് ഹർജി പരിഗണിച്ച ആദ്യദിവസംതന്നെ പറഞ്ഞതാണെന്നും കോടതി ഓർമിപ്പിച്ചു.
Content Highlights: Silver line K-rail High court Kerala