കളമശ്ശേരി ബസ് കത്തിക്കൽ;
തടിയന്റവിടെ നസീർ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി;
ശിക്ഷ തിങ്കാളാഴ്ച വിധിക്കും
കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ അടക്കം മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി. നസീറിനു പുറമേ പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി, പറവൂർ സ്വദേശി താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ഇവർ എൻ.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ ഒമ്പതിനാണ് കളമശ്ശേരിയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി കേസിൽ പത്താംപ്രതിയാണ്. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. 14 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ബസ് കത്തിക്കലുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത് 17 വർഷങ്ങൾക്കുശേഷം. ഭീകരവാദവുമായി ബന്ധപ്പെട്ട കേസെന്ന നിലയിൽ എൻ ഐ എ.യാണ് അന്വേഷണം നടത്തിയത്.
എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസാണ് രാത്രി ഒമ്പതരയോടെ പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുൾനാസർ മദനിയെ ജയിലിൽനിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഒട്ടേറെ തീവ്രവാദക്കേസുകളിൽ പ്രതിയാണ് കേസിലെ ഒന്നാംപ്രതിയായ തടിയൻറവിട നസീർ. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.
ബസ് ഡ്രൈവറുടെയടക്കം എട്ടുപേരുടെ മൊഴി ചേർത്ത് 2010 ഡിസംബറിലാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തേ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായിരുന്നു. 2010-ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ വൈകി. ആദ്യം പോലീസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയ കേസ് 2009-ലാണ് എൻ.ഐ.എ. ഏറ്റെടുത്തത്.
Content Highlights – Kalamassery bus burning, Court found three accused including Thadiyantevide Nazir guilty