ഏഷ്യയിലെ ഏറ്റവും ധനികയായ യാങ് ഹുയാന്റെ സമ്പത്തിൽ വൻ ഇടിവ്
ഏഷ്യയിലെ ഏറ്റവും ധനിക യാങ് ഹുയാന്റെ സമ്പത്ത് ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം പകുതിയിലേറെയായി കുറഞ്ഞു. സമ്പത്ത് ഇടിഞ്ഞത് ഏകദേശം 24 ബില്യൺ ഡോളറിൽ നിന്ന് 11 ബില്യൺ ഡോളറായാണ്. ചെെനയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് ഡെവലപ്പർ 41 കാരിയായ യാങ് ഹുയാനാണ്. ഹുയാന്റെ സ്വത്തിൽ കൂടുതലും പിതൃസ്വത്തായി ലഭിച്ചതാണ്. ഹുയാന്റെ സ്വത്ത് പകുതിയിലേറെയായി കുറയാൻ കാരണം ഇപ്പോൾ ചെെനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവാണ്.
ഈ വർഷം ഹുയാന്റെ കമ്പനിയായ കൺട്രി ഗാർഡന്റെ സ്റ്റോക്കിന് അതിന്റെ പകുതിയിലധികം മൂല്യം നഷ്ടമായതായാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം ഹുയാന്റെ സ്വത്തിന്റെ പകുതിയിലേറെ കുറഞ്ഞിട്ടും ഇപ്പോഴും ഇവർ ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്. ഹുയാനും ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫാൻ ഹോങ്വെയും തമ്മിൽ ഇനി 100 മില്യൺ ഡോളർ വ്യത്യാസമാണുള്ളത്. ഹെംഗ്ലി പെട്രോകെമിക്കൽ എന്ന കമ്പനിയുടെ അധ്യക്ഷനാണ് ഹോങ്വേ.
കഴിഞ്ഞ ഡിസംബറിനുശേഷം സാമ്പത്തിക പ്രതിസന്ധി ആഗോള തലത്തിൽ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടിവുണ്ടാക്കി. തുടർന്ന് ചൈനയിലെ ഏറ്റവും കടബാധ്യതയുള്ള പ്രോപ്പർട്ടി സ്ഥാപനമായ എവർഗ്രാൻഡെ അതിന്റെ യുഎസ് ഡോളർ ബോണ്ടുകളിൽ വീഴ്ച വരുത്തിയിരുന്നു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ നൽകേണ്ടിവരുമെന്ന ഉത്തരവ് വന്നതോടെ ആളുകൾ റിയൽ എസ്റ്റേറ്റ് മേഖലയെ ആശ്രയിക്കാതെയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് ഇതിനുപിന്നാലെയാണ്. ഹുയാൻ ഈ പ്രതിസന്ധി മറികടക്കാൻ ഏകദേശം 13 ശതമാനം കിഴിവിൽ സ്റ്റോക്കുകൾ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കടം തിരിച്ചടയ്ക്കാൻ ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിക്കുമെന്ന് ഹുയാൻ പറഞ്ഞു. ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥലവിൽപ്പന മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് ഈ ആഴ്ച്ചത്തെ ഗ്ലോബൽ റേറ്റിംഗ്സ് റിപ്പോർട്ട് പ്രകാരമുള്ള കണക്കുകൾ.
Content Highlights – Asia’s richest Person Yang Huian