ഭൂമി കുംഭകോണ കേസ്: സഞ്ജയ് റാവത്ത് അറസ്റ്റില്‍
കെട്ടിട പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കേസില്‍ രണ്ടു തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഏഴിന് എത്തിയ ഇ ഡി സംഘം ചോദ്യം ചെയ്തു. 10 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. കൂടാതെ വസതിയില്‍ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് സൂചനകൾ.
ശേഷം നേരിട്ട് ഓഫിസിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകിട്ട് അഞ്ചരയ്ക്ക് സ്വന്തം വാഹനത്തില്‍ എത്തിയ അദ്ദേഹത്തെ ഇ ഡി ആസ്ഥാനത്ത് രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് സഞ്ജയ് റാവത്തിന്റെ അറസ്റ്റ് ഉണ്ടായത്.
മുംബൈയിലെ ഗോരേഗാവില്‍ 47 ഏക്കര്‍ വരുന്ന പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിനു റാവത്ത് ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചെങ്കിലും പാര്‍ലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു.
Content Highlights: Land scam case , Sanjay Rawat ,arrested