പ്രതികൂല കാലാവസ്ഥ;
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം മാറ്റിവെച്ചു
സംസ്ഥാന വ്യാപകമായി അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാകാര വിതരണച്ചടങ്ങ് മാറ്റിവെച്ചു. സാംസ്കാരികമന്ത്രി വി.എൻ.വാസവന്റെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചടങ്ങുകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് 27-നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ മികച്ച വേഷത്തിലൂടെ ജോജു ജോർജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂതകാല’ത്തിലൂടെ രേവതി മികച്ച നടിയായി.
ദിലീഷ് പോത്തൻ സംവിധായകനായും ആവാസ വ്യൂഹം മികച്ച ചിത്രമായും ക്രിഷാന്ത് തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ എന്നിവരായിരുന്നു ഗായികയും ഗായകനും. ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ.
Content Highlights – State film award ceremony has been postponed due to continues heavy rain