അഞ്ച് തീരങ്ങളില്‍ പ്രളയ സാധ്യത; മുന്നറിയിപ്പുമായി ജല കമ്മീഷന്
സംസ്ഥാനത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ അഞ്ച് നദീ തീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്കി ജല കമ്മീഷന്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളിലാണ് പ്രളയ സാധ്യത നിലനില്‍ക്കുന്നത്.
പ്രളയസാഹചര്യം മുന്‍നിര്‍ത്തി പല ജില്ലകളിലുള്ള നദീതീരത്ത് താമസിക്കുന്ന ആളുകളെ മാറ്റിപാര്‍പ്പിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് തുടരുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിക്കാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
Content Highlights – Flood risk on five coasts – Water Commission with warning