അട്ടപ്പാടിയിലെ മധുവിന്റെ മരണം- കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാത കേസ് പൂർണമായും അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസിന്റെ വിചാരണ നടക്കുന്ന ഈ സാഹചര്യത്തിൽ സാക്ഷികൾ വ്യാപകമായി കൂറ് മാറുന്നു. സർക്കാരും പൊലീസും സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് കേസ് നല്ലരീതിയിൽ നടത്താൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ വൈകിയ വേളയിലാണെങ്കിലും കൊക്കൊണ്ട തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രതിഷേധം നിലനിൽക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കലക്ടറായി നിയമിച്ചത് അനുചിതമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കാരണം കേരള ബാങ്ക് രൂപീകരണം ആണെന്ന് സതീശൻ ആരോപിച്ചു.കേരളാ ബാങ്ക് രൂപീകരണത്തിന്റെ ആദ്യ ദുരന്തമാണ് കരുവന്നൂരിൽ സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് അടിയന്തരമായി ഗ്യാരന്റി നൽകാൻ സർക്കാർ തയ്യാറാകണം. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളും ഉണ്ട്. സഹകരണ മേഖലയെ തകർക്കുകയല്ല കോൺഗ്രസ് ലക്ഷ്യം. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകൾ പിടിച്ചെടുക്കാൻ മാത്രമാണ് സി.പി.എം ശ്രമിക്കുന്നത്. സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർക്കരുതെന്നും സതീശൻ പറഞ്ഞു. കരുവന്നൂരിലെ സ്ഥിതിഗതികൾ മറ്റിടങ്ങളിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Content Highlights – VD Satheesan said that the government’s move is to completely destroy the murder case of Madhu