പാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുത് ; രാഹുൽ ഗാന്ധി
2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുതെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം കർണാടക രാഷ്ട്രീയകാര്യ സമിതിയുടെ യോഗത്തിൽ രാഹുൽഗാന്ധി പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുളള നിർദ്ദേശങ്ങൾ നൽകിയത്. ‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കർണാടകയിലെ മുഴുവൻ പാർട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നേതാക്കൾ ഒരു കാരണവശാലും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവയ്ക്കരുതെന്നും’ രാഹുൽ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തർക്കമുണ്ടാകരുതെന്നും തീരുമാനം എടുക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യയേയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിനേയും അതാത് ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടാറുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇരുനേതാക്കൾക്കുമിടയിലും ഇത് സംബന്ധിച്ച തർക്കം രൂക്ഷമാണ്. സിദ്ധരാമയ്യയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദാവൻഗരെയിൽ അടുത്ത ദിവസം ശക്തിപ്രകടനം നടത്തുകയാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ വൊക്കലിഗ സമുദായക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ യോജിച്ച് തീരുമാനം എടുക്കണമെന്ന് രാഹുൽ നിർദ്ദേശിച്ചു.
Content Highlights: Party leadership, Internal affairs, Rahul Gandhi