മഴമുന്നറിയിപ്പ്; സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് പെയ്തൊഴിയാതെ പേമാരി. ഒരു ദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഉച്ചയ്ക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.
അതേസമയം, മഴ വീണ്ടും ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. പമ്പ, മണിമല, അച്ചന് കോവില്‍, കക്കാട് നദികളിലെ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. റാന്നിയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു.
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇന്നലെ രാത്രി മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും രാവിലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാവുകയാണ്. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണെമന്ന് അധികൃതര്‍ നിര്‍ദേശം നല്കി. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു. താഴ്ന്ന പ്രദേശത്തുള്ളവര്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
Content Highlights – Heavy Rain In Kerala, Red alert in eight districts