കോമൺവെൽത്ത് ഗെയിംസ്; മലയാളി താരം എം. ശ്രീശങ്കറിനു വെള്ളി
കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എം. ശ്രീശങ്കർ ലോങ്ജമ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഇന്ത്യക്ക് ആദ്യമായിട്ടാണ് കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജമ്പിൽ മെഡൽ നേടാനാകുന്നത്. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. സ്വർണ മെഡൽ ബഹാമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയത്. അദ്ദേഹം രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്.
അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ശ്രീശങ്കറിന്റെ ചാട്ടം ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു. എട്ടുമീറ്റർ നാലാം ശ്രമത്തിൽ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി. ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ലോങ്ജംപില്‍ ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ മത്സരിച്ചിരുന്നു. മുഹമ്മദ് അനീസ് 7.97 ദൂരം ചാടി അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് മികച്ച ദൂരം കണ്ടെത്തിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. ഹൈജംപില്‍ തേജസ്വിന് ശങ്കര്‍ വെങ്കലം നേടിയിരുന്നു. പാലക്കാട് യാക്കര സ്വദേശിയാണ് ശ്രീശങ്കർ. മുൻ ഇന്ത്യൻ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.
Content Highlights: Commonwealth Games, M. Sreesankar, Silver