മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടുന്നു; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നു. നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളില്‍ 5 എണ്ണം കൂടുതല്‍ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. 2 മണി മുതല്‍ വി1 മുതല്‍ വി5 വരെയുള്ള ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. ഇതോടെ 6042 ക്യുസെക്സ് വെള്ളം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്.
നിലവില്‍ 5293 ക്യുസെക്സ് വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കി സംഭരണിയിലേക്ക് ഒഴുകുന്നത്. ശക്തമായ മഴ തുടരുന്നതിനാലും വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാലും ഇടുക്കി, ചെറുതോണി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുകയാണ്. 3 മണിയോടെ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും.
ഈ സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
Content Highlights – More water is released from Mullaperiyar, Alert on Periyar coast