കോഴിക്കോട് മേയര്‍ക്കെതിരായ സിപിഎം നടപടി മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനെന്ന് കെ സുരേന്ദ്രന്
ബാലഗോകുലം മാതൃസമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബിന ഫിലിപ്പിനെതിരായ സിപിഎം നിലപാട് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മേയറെ പരസ്യമായി തള്ളിയ സിപിഎം നിലപാട് അവരുടെ ഇരട്ടനീതിയുടെ ഉദാഹരണമാണ്. മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ബാലഗോകുലം പരിപാടിയില്‍ മേയര്‍ പങ്കെടുത്തതിനെ തള്ളിക്കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാക്കമിറ്റി പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് വര്‍ഗ്ഗീയ പ്രതികരണവുമായി സുരേന്ദ്രന് രംഗത്തെത്തിയത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ സിപിഎം താലോലിക്കുകയാണെന്നും സിപിഎമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും സുരേന്ദ്രന് ആരോപിച്ചു.
ശ്രീകൃഷ്ണജയന്തിക്ക് മുന്നോടിയായി ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലായിരുന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്. ഒപ്പം കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തുകയും ചെയ്തിരുന്നു. മേയറുടെ സമീപനം സി.പി.എം എല്ലാകാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് എന്ന് ജില്ലാ സെക്രട്ടറി പി മോഹനന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു.
Contentb Highlights – Controversy On Mayor Beena Philip, BJP state president K Surendran Reacts